ന്യൂഡൽഹി: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു മൂന്നു തൊഴിലാളികൾക്ക് ദാരുണാന്ത്യം.
ഡൽഹിയിലെ മുണ്ട്ക വ്യാവസായിക ഏരിയയിലെ ഒരു ഫാക്ടറിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. 32നും 42നും ഇടയിൽ പ്രായമുള്ള മൂന്നു തൊഴിലാളികളാണ് മരിച്ചത്.
സെപ്റ്റിക് ടാങ്കുകളിലും ഓവുചാലുകളിലും തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണം നടത്തുന്നതിനു രാജ്യത്തു നിരോധനമുണ്ട്. ഫാക്ടറി ഉടമ, കോൺട്രാക്ടർ എന്നിവരുൾപ്പെടെ മൂന്നു പേർക്കെതിരേ ഡൽഹി പോലീസ് കേസെടുത്തു.
ശുചീകരണത്തിനിറങ്ങിയ തൊഴിലാളികൾക്ക് ഫാക്ടറി അധികൃതർ മതിയായ സുരക്ഷാ ഉപകരണങ്ങൾ നൽകിയില്ലെന്ന് ആരോപണമുണ്ട്.
സെപറ്റിക് ടാങ്കിൽ ആദ്യമിറങ്ങിയ തൊഴിലാളി വിഷവാതകം ശ്വസിച്ചു കുഴഞ്ഞുവീണതോടെ ഇയാളെ രക്ഷിക്കാനായിറങ്ങിയ മറ്റു രണ്ടുപേരും പിന്നാലെ ബോധമറ്റു വീഴുകയായിരുന്നു.